Nanmakal Pookkum Kaalam
- Home
- Current Shows
- Nanmakal Pookkum Kaalam
നന്മകൾ പൂക്കും കാലം

വ്യക്തമായ ആശയങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞു വന്ന സന്ദർഭങ്ങളെ സമർത്ഥമായി കൂട്ടിയിണക്കി ആസ്വാദകർക്ക് അനുരൂപമാം വിധം ഒരുക്കിയെടുത്തതാണ് "നന്മകൾ പൂക്കും കാലം". ഒരു കാലഘട്ടത്തിന്റെ കണ്ണാടിയാണിത്. നാടകവിഷയം കാലോചിതവും ഔചിത്യമുള്ളതുമാണ്. കേരള സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ദുർഘട സ്ഥിതിയിൽ നിന്നുള്ള നേർകാഴ്ചകളാണ് ഈ നാടകത്തിലൂടെ കോറിയിടുന്നത്.
മരട് ഫ്ലാറ്റ് സമുച്ഛയങ്ങളുടെ പശ്ചാത്തലത്തിൽ സമൂഹത്തിലുണ്ടായ ഞെട്ടലും, സമൂഹ മനഃസാക്ഷിയുടെ വിഹ്വലതകളുമാണ് കഥാതന്തു. തണ്ണീർത്തടങ്ങൾ നികത്തി, പാടം നികത്തി, മരങ്ങൾ വെട്ടി മാറ്റി, കായലുകൾ വറ്റിച്ച്, ഭൂമി തരിശാക്കി, പവിത്രമായ പാരബര്യമുറങ്ങുന്ന കേരളത്തിന്റെ സ്വസ്ഥതയും സമാധാനവും തല്ലികെടുത്തുന്ന വിധ്വംസകശക്തികൾക്കെതിരായുള്ള ഒരു പടവാളോങ്ങൽ ആയിട്ടും ഈ നാടകത്തെ വിശേഷിപ്പിക്കാം. ഫ്ലാറ്റ് സമുച്ഛയ ഉടമകളോട് മാനുഷിക പരിഗണന കാണിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോഴും അഴിമതി കഥകളുടെ ഭാണ്ഡകെട്ടഴിച്ച് സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങളുമായി ദിവസേന നടക്കുന്ന മാധ്യമ വിചാരണ കണ്ടില്ലെന്നു നടിക്കാനാവില്ല. രോഗാതുരതയുടെ കഷ്ടപ്പാടുകൾ പേറുന്ന ഒരു പിടി മനുഷ്യജീവിതങ്ങൾ മറുഭാഗത്ത്.
ആദർശധീരതയ്ക്കും, ഉല്പതിഷ്ണ ചിന്താധാരകൾക്കും, കർമ്മവീര്യ തേജസ്സിനും മകുടോദാഹരണമായ സമൂർത്ത നിമിഷങ്ങൾ സമ്മാനിക്കുന്ന കഥയിലൂടെ സമകാലീന കേരളത്തിന്റെ പരിശ്ഛേദമാണ് ഈ നാടകത്തിലൂടെ ഉരുത്തിരിയുന്നത്. മനുഷ്യജീവിതങ്ങളിൽ വേരുറച്ചതാണ് ഈ നാടകത്തിന്റെ കഥാതന്തു. മനുഷ്യന്റെ ആവശ്യങ്ങളുമായി ബന്ധപ്പെട്ടതാണ് കഥാസാരം. ജീവിത യാഥാർഥ്യങ്ങളിൽ കുതിർന്നതാണ് "നന്മകൾ പൂക്കുന്ന കാലം". ഉൾകാഴ്ചയുടെ മൂർച്ചകൊണ്ടും, കുറിക്കു കൊള്ളുന്ന പ്രയോഗലാളിത്യം കൊണ്ടും ഈ നാടകം വ്യത്യസ്ഥമാണ്.
Click Here for more pictures.


























